//കുമ്പസാര പീഡനം, വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

കുമ്പസാര പീഡനം, വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഓർത്തഡോക്സ് സഭാ വൈദികർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെ പോലെയാണ് പെരുമാറിയെന്നും വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അറസ്റ്റും മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹർജികളാണ് തള്ളിയത്. ഇതോടെ വൈദികരുടെ അറസ്റ്റ് വൈകില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.