//ചായ കുടിക്കുന്നവരുടെ നാട്ടിലേക്ക് ‘കാപ്പി വിപ്ലവം’ കൊണ്ടുവന്നവർ

ചായ കുടിക്കുന്നവരുടെ നാട്ടിലേക്ക് ‘കാപ്പി വിപ്ലവം’ കൊണ്ടുവന്നവർ

ന‍്യൂഡൽഹി: തെക്കൻ ദില്ലിയിലെ സാകേതിന്‍റെ പിന്നാമ്പുറ തെരുവീഥികളിലൂടെ നടന്ന് ചമ്പ ഗലിയിൽ എത്തി ഒരു നാലു ചുവടു നടന്നാൽ കാപ്പിയുടെ ഊഷ്മളഗന്ധം നിങ്ങളുടെ മൂക്കിലേക്കടിച്ചു കയറും. ആ ഇടത്തിന്‍റെ പേര് 'ബ്ലൂ ടൊക്കായ്' എന്നാണ്, ഏറ്റവും ശുദ്ധമായ കാപ്പിയുടെ നവരുചികൾ മേശയ്ക്കു മുന്നിലും പുത്തൻ വറുത്ത കാപ്പിപ്പൊടി അതിന്‍റെ പൂർണ്ണ പരിശുദ്ധിയോടെ അടുക്കളകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശ‍്യത്തോടെ ഉരുവം കൊണ്ട ഒരു ബ്രാൻഡ്. മാറ്റ് ചിത്തരഞ്ജൻ, നമ്രതാ അസ്താന എന്നീ ദമ്പതിമാരാണ് 'ബ്ലൂ ടൊക്കായ്' യുടെ സംരംഭകർ.

മുൻ സാമ്പത്തിക വിദഗ്ധനായ മാറ്റ് ചിത്തരഞ്ജൻ ജോലിക്കു വേണ്ടിയാണ് ചെന്നൈ പട്ടണത്തിലേക്ക് വന്നത്. അവിടെ വച്ചാണ് അദ്ദേഹം ജോലിയിലെയും പിന്നീട് തന്‍റെ ജീവിതത്തിലെയും പങ്കാളിയായി മാറിയ നമ്രതാ അസ്താനയെ ആദ‍്യമായി കാണുന്നതും. അവർ ദില്ലിയിലേക്ക് താമസം മാറിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ചെന്നൈയിലെ തനതു ഫിൽട്ടർ കാപ്പിയുടെ അസാന്നിദ്ധ‍്യമാണ്. പിന്നെ മുക്കിലും മൂലയിലും ഏറെ ജനപ്രിയരായ 'ചായ്‌വാലകളേയും 'വൻ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധാരണ കാപ്പിപ്പൊടി കൊണ്ട് ഉണ്ടാക്കിയ ഇൻസ്റ്റന്‍റ് കാപ്പി കുടിക്കുന്ന സാധാരണക്കാരേയും. ഇതിനൊരു മാറ്റം വരുത്താനായി തുടങ്ങിയ വച്ച ഒരു ചൂടൻ ചിന്തയിൽ നിന്നാണ് കാപ്പി കുടിക്കുന്നവനേയും കാപ്പി കർഷകനേയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ആശയത്തിന്‍റെ തീപ്പൊരി വീണു കിട്ടുന്നത്. പിൽക്കാലത്ത് അവരുടെ ബ്രാൻഡിനെ നിർവചിക്കുന്ന 'ഫാം-ടു-കപ്പ് കോഫി കമ്പനി' എന്ന ആപ്തവാക‍്യമായി തന്നെ ആ ആശയം മാറുകയായിരുന്നു. ഇന്ത‍്യൻ ഉപഭോക്താവിന് നൈസർ‌ഗ്ഗികമായ ഒരു കാപ്പി അനുഭവം നൽകാൻ അവർ തീവ്രമായി ആഗ്രഹിച്ചു.

അങ്ങനെയാണ് ഗുണമേന്മയുള്ള കാപ്പിക്കുരുവിന്‍റെ പേരിൽ കീർത്തി കേട്ട ബ്ലൂ ടൊക്കായ് പിറവി കൊള്ളുന്നത്. ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളിൽ 10 കഫേകൾ ഉണ്ട് ഇവർക്ക്. ഈ വർഷാവസാനത്തോടു കൂടി ബാംഗ്ലൂർ, പൂനെ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിൽ കൂടി പുതിയ കഫേകൾ തുടങ്ങും.

ചായയും ഇൻസ്റ്റന്‍റ് കാപ്പിയും കുടിക്കുന്നവരുടെ രാജ‍്യത്ത് ഒരു വിജയകരമായ 'നീഷ് കോഫീ ബ്രാൻഡ്' നടത്തിക്കൊണ്ടു പോകുക എന്നത് അത്ര എളുപ്പമല്ല. 'സ്കാൻഡിനേവിയയിൽ പ്രതിവർഷം ഒരാൾ ശരാശരി 70 കിലോ കാപ്പി അകത്താക്കുമ്പോൾ ഇന്ത‍്യയിലത് ശരാശരി 70 ഗ്രാമാണ്'. – ഇന്ത‍്യയിലെ കാപ്പി ഉപഭോഗത്തെക്കുറിച്ച് ചിത്തരഞ്ജൻ പറയുന്നതിങ്ങനെ. കോഫീ റോസ്റ്റുകളെപ്പറ്റി ആളുകൾക്കിടയിൽ കൂടുതൽ അറിവും അവബോധവും എത്തിക്കുക എന്നത് കാപ്പി കുടിക്കുന്ന സംസ്കാരം വളർത്താൻ സഹായിക്കുമെന്ന് തന്നെയാണ് ചിത്തരഞ്ജനൊപ്പം നമ്രതയും ഉറച്ചു വിശ്വസിക്കുന്നത്.

ചെറിയ രീതിയിലാണ് അവർ തുടങ്ങിയത്. അവരുടെ നീക്കിയിരുപ്പെല്ലാം ഒരു വറവുശാലയിൽ (റോസ്റ്റർ) നിക്ഷേപിച്ചു. പുതുപുത്തൻ വറുത്ത കാപ്പിപ്പൊടിക്കായുള്ള ഓർഡറുകൾ ഓൺലൈൻ വഴി സ്വീകരിച്ചു തുടങ്ങി. എൻആർഐ കൾ, പ്രവാസികൾ എന്നിവരടങ്ങുന്നതായിരുന്നു ആദ‍്യത്തെ ഉപഭോക്താക്കളെങ്കിൽ പിന്നീട് രാജ‍്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്ന് ഓർഡറുകൾ എത്തിത്തുടങ്ങി. വളരെപ്പെട്ടെന്ന് ദില്ലിയിലെ സാകേതിലുള്ള സൈദുലാജാബിൽ അവരുടെ ആദ‍്യ കഫേ തുറന്നു. പിന്നെ അവർക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പല നഗരങ്ങളിലായുള്ള 10 ശാഖകൾ വിജയകരമായി പ്രവർത്തിക്കുന്നു, ഓരോ വർഷവും വിൽപ്പന ഇരട്ടിയാകുന്നു.

തങ്ങളുടെ സംരംഭക വിജയത്തിന് ഏറിയ കൂറും അവർ കടപ്പെട്ടിരിക്കുന്നത് ഏറ്റവും മുന്തിയ ഗുണമേന്മ ഉറപ്പാക്കുന്ന ശ്രേണിയിലുള്ള കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന കൃഷിത്തടങ്ങളോടും അവ വിളയിക്കുന്ന കർഷകരോടുമാണ്. അത് കൊണ്ടാണ് തങ്ങളുടെ കഫേയിൽ ഉള്ള വ‍്യത‍്യസ്ത കാപ്പി മിശ്രണങ്ങൾ ഉപഭേക്താവിനു മുമ്പിൽ പ്രദർശിപ്പിക്കുമ്പോൾ അതിന്‍റെ കൂടെ അവ വിളയിച്ച എസ്റ്റേറ്റുകളുടെ പേരു കൂടി പ്രദർശിപ്പിക്കുന്നത്.
'അവർ വിളയിക്കുന്ന കാപ്പിയുടെ പേരിൽ അവർ തിരിച്ചറിയപ്പെടുന്നത് അനർക്കും സന്തോഷം നൽകുന്ന കാര‍്യമാണ്.'

'പുറമേ കാണുന്നവർക്ക് തന്‍റെ ജീവിത പങ്കാളിയുമൊത്ത് സാക്ഷാത്കരിക്കുന്ന ഒരു സംരംഭക സ്വപ്നം എന്ന് തോന്നാം. എന്നാൽ ഇവർ അത് പൂർണ്ണമായി സമ്മതിക്കുന്നില്ല. ആളുകൾ വിചാരിക്കുന്നത് കാപ്പി രുചിച്ച് പരീക്ഷിച്ചും കാപ്പിത്തോട്ടങ്ങളിലേക്ക് യാത്ര ചെയ്തും ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കുന്നു എന്നാണ്. എന്നാൽ സത‍്യമതല്ല. പേപ്പർ വർക്കുകൾ ചെയ്തും, ആളുകളെ മാനേജ് ചെയ്തും ഉപഭോക്താക്കളുമായി ഇടപഴകിയും വിതരണക്കാരുമായി വില പേശിയും ആണ് കൂടുതൽ സമയവും പോകുന്നത്. അതത്ര സുഖമുള്ളതല്ല' – മാറ്റ്-നമ്രതമാർ ചിരിച്ചു കൊണ്ട് പറയുന്നു.

എന്തായാലും മാറ്റിനും നമ്രതയ്ക്കും ഇതൊന്നും ബുദ്ധിമുട്ടുള്ള കാര‍്യങ്ങളേയല്ല – ഇന്ത‍്യയിൽ വ‍്യാപകമായി കാപ്പി കുടിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം, ഒരു കപ്പ് ഫ്രഷ്, റോസ്റ്റഡ് കാപ്പി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയെക്കുറിച്ച് ആളുകൾക്ക് പറഞ്ഞു കൊടുക്കണം. കാരണം വിശിഷ്ടമായ ഒരു കപ്പ് കാപ്പി ഉണ്ടാക്കുക എന്നത് ഒരു കലയാണ് – രസനകളെ മാത്രമല്ല, ഇന്ദിയങ്ങളേയും അടിമുടി പ്രസാദിപ്പിക്കുന്ന ഒരു ദൈവിക കല.