//കപിൽ ദേവ് ഹാപ്പിയാണ്, 38 വർഷത്തിനു ശേഷം ശമ്പള കുടിശ്ശിക ലഭിച്ചു!

കപിൽ ദേവ് ഹാപ്പിയാണ്, 38 വർഷത്തിനു ശേഷം ശമ്പള കുടിശ്ശിക ലഭിച്ചു!

മുംബൈ: ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച നായകൻ, ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറുമായ സാക്ഷാൽ കപിൽ‌ ദേവിന് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നു എന്നു പറഞ്ഞാൽ വിശ്വാസിക്കാൻ ഒരുപക്ഷേ പ്രയാസമുണ്ടാകും. എന്നാൽ സംഭവം ശരിയാണ്. കപിൽ ദേവിനു ശമ്പള കുടിശ്ശിക ലഭിച്ചു. അതും 38 വർഷത്തിനു ശേഷം.

1979-80 കാലയളവില്‍ കപില്‍ദേവ് ജോലി ചെയ്തിരുന്ന മോദി സ്പിന്നിങ് ആന്‍റ് വീവിംഗ് കമ്പനിയാണ് താരത്തിന് പ്രൊവിഡന്‍റ് ഫണ്ട് തുകയിലെ 2.75 ലക്ഷം രൂപ നല്‍കിയത്. ദേശീയ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതോടെ കമ്പനിയിൽ നിന്നും ജോലി ഉപേക്ഷിച്ചപ്പോൾ ലഭിക്കേണ്ട തുകയാണ് ഇപ്പോൾ കപിൽ ദേവിനെ തേടിയെത്തിയത്. കമ്പനിയുടെ ഡൽഹി ശാഖയിൽ ലെയ്‌സിങ് ഓഫീസറായാണ് കപിൽ ജോലി ചെയ്തിരുന്നത്. അതേസമയം, കപിലും കമ്പനിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അന്ന് തുക നല്‍കാതിരുന്നത് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും കമ്പനി അധികൃതര്‍ സമ്മതിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി 131 ടെസ്റ്റ് മത്സരങ്ങളും 225 ഏകദിനമത്സരങ്ങളുമാണ് കപില്‍ ദേവ് കളിച്ചത്. ഇന്ത്യക്കു വേണ്ടി ഏകദിനത്തിൽ ആദ്യ സെഞ്ചുറിയും ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും കപിലിന്‍റെ പേരിനൊപ്പമാണ്. 1983ല്‍ ഇന്ത്യ ആദ്യമായി ലോക കിരീടം നേടുമ്പോള്‍ ക്യാപ്റ്റനും കപില്‍ദേവായിരുന്നു. 1994ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.