//മോഹൻലാലിന്‍റെ വിശദീകരണങ്ങൾക്ക് മറുപടിയുമായി രമ്യ നമ്പീശൻ

മോഹൻലാലിന്‍റെ വിശദീകരണങ്ങൾക്ക് മറുപടിയുമായി രമ്യ നമ്പീശൻ

കൊച്ചി: മലയാള ചലച്ചിത്ര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റും സൂപ്പർതാരവുമായ മോഹൻലാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ നൽകിയ വിശദീകരണങ്ങളുടെ മുനയൊടിച്ച് സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശൻ. നടൻ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ അക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തൽ‌ സഹിതമാണ് രമ്യ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

മോഹന്‍ ലാലിന്‍റെ വാര്‍ത്താസമ്മേളനത്തിനു ശേഷം താന്‍ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നു. അവള്‍ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്… 'സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒന്നുമില്ലാതെ ആരെങ്കിലും ആരോപണം ഉന്നയിക്കുകയോ, സഹായത്തിനു വേണ്ടിയോ സംഘടനയെ സമീപിക്കുമോ‍? പരാതി പറഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാമെന്നാണ് മറുപടി നൽകിയത്. എന്നാല്‍ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്‍റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്' എന്നും അവര്‍ തന്നോട് പറഞ്ഞുവെന്ന് നടി രമ്യ നമ്പീശന്‍ വ്യക്തമാക്കി.

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പരാതി പറയുന്നവരുടെ ആശങ്ക പരിഗണിക്കാത്തത് അവരോടുള്ള അവഹേളനമാണ്. പരാതി എഴുതി നൽകിയിട്ടില്ല എന്ന് പറയുന്നത്, ആരോപണങ്ങളിൽ നിന്നും വഴുതിമാറാനുള്ള ശ്രമമാണെന്ന് വ്യക്തം. സംഘടനയിൽ ഓരോ അംഗങ്ങൾക്കും വെവ്വേറെ നിയമമാണോ നടപ്പാക്കുന്നത് എന്നും രമ്യ ചോദിച്ചു.

അമ്മയിൽ നിന്നു രാജി വയ്ക്കുകയാണെന്ന് രമ്യ നമ്പീശനും റീമ കല്ലിങ്കലും ഗീതു മോഹൻദാസും ആക്രമിക്കപ്പെട്ട നടിയും പ്രഖ്യാപിച്ചത് പൊതുജനങ്ങൾ കേൾക്കെയാണ്. രാജി വയ്ക്കാനുള്ള കാരണവും വിഷയത്തിൽ തങ്ങളുടെ നിലപാടും ലോകത്തിനു മുമ്പിൽ വ്യക്തമാക്കിയതാണ്. അതിനാൽ രാജി എഴുതിതന്നെ നൽകണമെന്ന് പറയുന്നതിൽ അർഥമില്ലെന്നും രമ്യ പറഞ്ഞു. നേരത്തെ, വാർത്താ സമ്മേളനത്തിൽ സംഘടനയ്ക്ക് രണ്ടു പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിരുന്നു എന്ന് മോഹൻ ലാൽ പറഞ്ഞതിനോടായിരുന്നു രമ്യയുടെ പ്രതികരണം.